കലാവിരുന്നിന് കൈകോർത്ത്, ജലം കൊണ്ട് മുറിവേറ്റവർ ...

കോവളം സതീഷ്‌കുമാർ | Friday 07 December 2018 12:19 AM IST

kalolsavam
പ്രളയം കടന്ന് കലയു‌ടെ മണ്ണിലേക്ക്...സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെ‌ടുക്കാൻ ആലപ്പുഴയിലെത്തിയ പാലക്കാട്സ്വദേശി അനഘ കുട്ടനാട്ടിലെ പ്രളയദുരിതം അനുഭവിച്ച ഏറ്റവും മുതിർന്ന ദമ്പതികളായ ജോണിനേയും അന്നമ്മയേയും കലോത്സവത്തിനായി ക്ഷണിക്കുന്നു. ഫോട്ടോ എൻ.ആർ.സുധർമദാസ്

ആലപ്പുഴ: കൈനകരി പാടത്ത് അനിഘ പാട്ടുപാടി നടക്കുകയാണ് 'സ്മൃതിയിൽ വാഴും...' പരിചയമില്ലാത്ത ഒരു പെൺകുട്ടിയെ കണ്ട 86 കാരി അന്നമ്മ ജോൺ വിളിച്ചു ചോദിച്ചു ആരാ അത്?

'അമ്മൂമ്മയേ ഇങ്ങോട്ടു വായോ..' അനിഘ വിളിക്കുകയാണ്. ദേ ആ കുട്ടി എന്നെ വിളിക്കുന്നു. അന്നമ്മയുടെ ഭർത്താവ് ജോൺ മാത്യുവും പുറത്തേക്കിറങ്ങി. പോരുന്നില്ലേ? എന്ന് അനിഘ.എങ്ങട് എന്ന്‌ ആ വൃദ്ധദമ്പതികൾ. 'കലോത്സവം കാണാൻ. ഞാൻ പാലക്കാടുനിന്നു വരികായാണ്. നിങ്ങളുടെ നാട്ടിൽ നടക്കുന്ന കലോത്സവത്തിന് നിങ്ങളെ ക്ഷണിക്കാൻ'. അന്നമ്മയും ജോണും പരസ്പരം നോക്കി.

'ഇവിടെ ഒരു പ്രളയം കഴിഞ്ഞതേ ഉള്ളൂ മോളെ. ദേ ആ കടയുടെ മുകളറ്റം വരെ വെള്ളമായിരുന്നു. വെള്ളം കയറിയപ്പോൾ കർത്താവ് നമ്മളെ അങ്ങ് വിളിക്കുകയാണെന്നാ തോന്നിയേ... പക്ഷേ, നമ്മളുടെ ആയുസ് കർത്താവ് നീട്ടിത്തന്നു...' അതെന്തിനാന്ന് അറിയാമോ? ഇ കലോത്സവം കാണാനാ...' അനിഘയുടെ മറുപടി. ' പ്രളയത്തിന്റെ നടുവിൽ നിന്നാണ് ഞാനും വരുന്നെ, നമ്മുടെ നാടായ പാലക്കാട് പിരായിരിക്കു ചുറ്റും വെള്ളമായിരുന്നു. പിന്നെ വെള്ളമിറങ്ങി. അപ്പോഴും കുട്ടനാട് വെള്ളത്തിലാണെന്ന് വാർത്തകണ്ടു. പ്രളയശേഷം കുട്ടനാടിനെ ഒന്നു കാണാൻ കൂടിയാ വന്നത്. ഇന്ന് ആലപ്പുഴയിൽ തുടങ്ങുന്ന സ്കൂൾ കലോത്സവത്തിൽ മത്സരാർത്ഥിയായി എത്തിയതാണ് അനിഘ. അച്ഛൻ ആലപ്പുഴക്കാരനാണ്- അനിൽകുമാർ. അമ്മ രേഖ. ഇരുവരും ഒപ്പമുണ്ട്.

അവർക്കരികിൽനിന്ന് അനിഘ ക്ഷണിക്കുകയാണ്- 'വെളളപ്പൊക്കത്തിൽ' എഴുതിയ തകഴിയുടെ നാട്ടുകാരെ; കലാമേളയ്ക്ക് പ്രളയനഷ്ടങ്ങൾ മറന്ന് സദസൊരുക്കാൻ. പാലക്കാട് കാണിക്കമാതാ ഹയർ സെക്കൻറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് അനിഘ. ലളിതഗാന മത്സരത്തിനു പുറമെ സംഘനൃത്തത്തിനും സംഘഗാനത്തിനും അനിഘയുണ്ട്. സംഘനൃത്തത്തിന്റെ പ്രമേയവും പ്രളയംതന്നെ.

ജലം കൊണ്ടുമുറിവേറ്റവരുടെ നാട്ടിലേക്ക് കലയുടെ പകിട്ടുമായി എത്തുന്ന കൗമാരക്കാരിലേറെയും പ്രളയത്തിന്റെ ഭീതി പ്രത്യക്ഷമായും പരോക്ഷമായുമൊക്കെ അനുഭവിച്ചവരാണ്. അവരുടെ ഉയിർപ്പിന്റെ വിളംബരം കൂടിയാവും ഇത്തവണത്തെ സ്കൂൾ കലോത്സവം.

കലാപൂരത്തിന് ഇന്ന് കൊടിയേറ്റം

ആലപ്പുഴ: ഇനി മൂന്ന് ദിനം ആലപ്പുഴയ്ക്ക് കൗമാര കലയുടെ തുടിപ്പ്. 59-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് രാവിലെ ഒമ്പതിന് ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂളിലെ പ്രധാന വേദിയിൽ ദീപം തെളിയും. ഉദ്ഘാടന സമ്മേളനവും മറ്റ് ആഘോഷങ്ങളും ഒഴിവാക്കിയ കലോത്സവം 59 മൺചെരാതുകളിലൂടെയാണ് മിഴി തെളിക്കുന്നത്. ഇന്ന് 62 ഇനങ്ങളിൽ മത്സരം. 30 വേദികളിലായി 188 ഇനങ്ങളിലാണ് പോരാട്ടം നടക്കുന്നത്.

പതിനഞ്ച് വർഷങ്ങൾക്കു ശേഷമാണ് കലോത്സവം ആലപ്പുഴയിൽ വിരുന്നെത്തുന്നത്. ലിയോ തേർട്ടീന്ത് സ്കൂളിലാണ് പ്രധാന വേദി. മീഡിയാ പവലിയനുകളും ഇതേ വേദിയിലാണ്. കേരളകൗമുദിയും കേരളകൗമുദി ഓൺലൈനും കൗമുദി ടിവിയും വിപുലമായ സജ്ജീകരണങ്ങളാണ് കലോത്സവത്തിനായി ഒരുക്കിയിരിക്കുന്നത്.

പ്രളയം സൃഷ്ടിച്ച കണ്ണീരിനു നടുവിൽ കലോത്സവം ചെറിയ ചെലവിൽ വലിയ മേളയാക്കി മാറ്റാനുള്ള ഒരുക്കങ്ങളാണ് പൂർത്തിയായത്.

പ്രളയത്തിനുശേഷം ‌ടൂറിസ്റ്റുകൾ അകന്നു നിന്ന ആലപ്പുഴയിൽ അവരെ വരവേൽക്കാനുള്ള സ്വാഗതഗാനം കൂടിയാവും കലോത്സവം.

പ്രധാന വേദിയിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ പതാക ഉയർത്തുന്നതോടെ കൗമാര പൂരത്തിന് തിരശീല ഉയരും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN UYIRPPULSAVAM
LATEST VIDEOS
YOU MAY LIKE IN UYIRPPULSAVAM