AUDIO

ബാലരാമപുരത്ത് വൃദ്ധയെ കെട്ടിയിട്ട് 11 പവൻ കവർന്നു; ഒരാൾ കസ്റ്റഡിയിൽ

Thursday 06 December 2018 11:13 PM IST
photo

ബാലരാമപുരം: ബാലരാമപുരത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ കെട്ടിയിട്ട് പതിനൊന്ന് പവനും മൊബൈൽ ഫോണും കവർന്നു. കാട്ടാക്കട റോഡിൽ വണിഗർ തെരുവിൽ പരേതനായ ആറുമുഖൻ ചെട്ടിയാരുടെ ഭാര്യ രത്നമ്മാളിന്റെ (79) ആഭരണങ്ങളാണ് ഇന്നലെ വെളുപ്പിന് മോഷ്ടിച്ചത്. വീട്ടിൽ വാടകയ്ക്ക് താസിച്ചിരുന്ന രണ്ടു പേരാണ് മോഷ്ടാക്കളെന്ന രത്നമ്മാളിന്റെ മൊഴിയെ തുടർന്ന് എറണാകുളം സ്വദേശിയും ബാലരാമപുരത്ത് കൂലിപ്പണിക്കാരനുമായ സണ്ണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലോട് സ്വദേശി രതീഷിനായി തെരച്ചിൽ നടക്കുകയാണ്.

രത്നമ്മാൾ ബാലരാമപുരം പൊലീസിനോട് പറഞ്ഞത്: വെളുപ്പിന് ഒരു മണിയോടെ കതക് പൊളിച്ചു കയറിയ രണ്ടുപേരും ചേർന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന തന്റെ വായിൽ തുണി തിരുകി കൈകാലുകൾ കെട്ടിയിട്ടു. ബഹളം വച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം മോതിരം, കമ്മൽ, വളകൾ, മാല ഉൾപ്പെടെ 11 പവന്റെ ആഭരണങ്ങൾ ഊരിയെടുത്തു. കട്ടിലിനരികിൽ സൂക്ഷിച്ചിരുന്ന 700 രൂപയും മൊബൈൽ ഫോണും കൂടി എടുത്താണ് മോഷ്ടാക്കൾ പോയത്.

ബന്ധിച്ചിരുന്ന കെട്ടുകൾ വെളുപ്പിന് നാല് മണിയോടെ അഴിച്ച് പുറത്തെത്തി അയൽവാസിയായ മുത്തുസ്വാമിയുടെ വീട്ടിൽ വിവരം പറഞ്ഞു. തുടർന്ന് നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു.

ഇന്നു രാവിലെ ആറു മണിയോടെ സ്ഥിതിഗതികൾ അറിയാനെന്ന ഭാവേന രത്നമ്മാളിന്റെ വീട്ടിൽ സണ്ണി എത്തിയിരുന്നു. ഒന്നുമറിയാത്ത പോലെ ഭാവിച്ചെങ്കിലും നാട്ടുകാർ പിടികൂടുമെന്നായപ്പോൾ ഇയാൾ മുങ്ങി. തുടർന്ന് വണിഗർ തെരുവിലെ ബാർബർ ഷോപ്പിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബാലരാമപുരം സി.ഐ എസ്.എം. പ്രദീപ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

ആദ്യ മോഷണത്തിൽ പരാതി നൽകിയില്ല

രത്നമ്മാളിന്റെ രണ്ട് മക്കളിൽ ഒരാൾ നാഗർകോവിലിലും മറ്റെയാൾ കഴക്കൂട്ടത്തുമാണ് താമസം. ഒറ്റയ്ക്കായതിനാൽ കൂട്ടിനു വേണ്ടി തന്റെ വീടിനോട് ചേർന്ന മുറി രണ്ട് മാസം മുമ്പ് ഇവർ സണ്ണിക്ക് വാടകയ്ക്ക് കൊടുത്തു. 7000 രൂപ രത്നമ്മാളിൽ നിന്ന് സണ്ണി മോഷ്ടിച്ചതോടെ വീട്ടിൽ നിന്നു പുറത്താക്കി. മക്കൾ വഴക്ക് പറയുമെന്ന് പേടിച്ച് പൊലീസിൽ പരാതി നൽകിയില്ല. സണ്ണിയുടെ സുഹൃത്തായ രതീഷും ഗർഭിണിയായ ഭാര്യ രമയും പിന്നീട് വാടകക്കാരായി എത്തി. മൂവർക്കും ആഹാരവും വൃദ്ധയാണ് നൽകിയിരുന്നത്. മോഷണം നടന്ന ബുധനാഴ്ച രാത്രി ദമ്പതികൾ സ്ഥലം വിട്ടിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA