യു.പിയിലെ ബി.ജെ.പി എംപി സാവിത്രി ഭായ് ഫുലെ രാജിവച്ചു

Thursday 06 December 2018 10:52 PM IST

savitri

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബറായിച്ച് എംപിയും ദളിത് നേതാവുമായ സാവിത്രി ഭായ് ഫുലെ ബി.ജെ.പിയിൽ നിന്ന് രാജിവച്ചു. ബി.ജെ.പിയും ആർ.എസ്.എസും വർഗീയ ധ്രുവീകരണം നടത്തുന്നുവെന്നും സംവരണം അട്ടിമറിക്കുന്നുവെന്നും ആരോപിച്ചാണ് രാജി. ദളിതർക്കും ഒ.ബി.സി വിഭാഗത്തിനും ഭരണഘടനാ അവകാശങ്ങൾ ഉറപ്പാക്കാൻ ഡിസംബർ 23 മുതൽ പ്രചാരണ പരിപാടി തുടങ്ങുമെന്നും സാവിത്രി പ്രഖ്യാപിച്ചു.

പിന്നാക്കക്കാരുടെയും ദളിതരുടെയും ചരിത്രം ഇല്ലാതാക്കാൻ ശ്രമിക്കുന്ന ബി.ജെ.പി അനാവശ്യമായി പണം ചെലവിട്ട് പ്രതിമകളും ക്ഷേത്രങ്ങളും നിർമ്മിക്കുകയാണെന്ന് സാവിത്രി ആരോപിച്ചു. അംബേദ്‌കർ തയ്യാറാക്കിയ ഭരണഘടനയും സംവരണ സമ്പ്രദായവും അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുന്നതിലുള്ള പ്രതിഷേധമാണ് രാജിക്ക് കാരണമെന്നും അവർ പറഞ്ഞു. 1992ലെ സാഹചര്യങ്ങൾ പുനഃസൃഷ്‌ടിച്ച് സമൂഹത്തെ വർഗീയമായി വിഭജിക്കാനാണ് ബി.ജെ.പിയുടെയും സംഘപരിവാർ സംഘടനകളുടെയും നീക്കം. മുസ്ളീം, ദളിത് വികാരം വ്രണപ്പെട്ട ബാബറി മസ്‌ജിദ് വാർഷികവും ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്‌കറുടെ ചരമവാർഷിക ദിനവും ഒത്തുവരുന്ന ദിവസം രാജി പ്രഖ്യാപനത്തിന് തിരഞ്ഞെടുത്തത് മനഃപൂർവമാണെന്നും സാവിത്രി പറഞ്ഞു. യു.പിയിൽ ബി.ജെ.പിയുടെ എം.എൽ.എ ആയിരുന്ന സാവിത്രി 2014 പൊതുതിരഞ്ഞെടുപ്പിലാണ് ലോക്‌സഭയിലേക്ക് ജയിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
LATEST VIDEOS
YOU MAY LIKE IN INDIA