ശബരിമലയിൽ സമിതിയെ നിയോഗിച്ച ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് സർക്കാർ

സ്വന്തംലേഖകൻ | Friday 07 December 2018 12:22 AM IST
sc

ന്യൂഡൽഹി: ശബരിമലയിൽ ക്രമസമാധാന പാലനത്തിനൊഴികെ പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി നിരീക്ഷണത്തിനായി റിട്ട. ജഡ്ജിമാരുൾപ്പെട്ട മൂന്നംഗ സമിതിയെ നിയോഗിച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകി. പൊലീസിന്റെ പരമാധികാരത്തിലുള്ള കടന്നുകയറ്റമാണ് ഹൈക്കോടതി നടപടിയെന്നും പൊലീസിന്റെ പ്രവർത്തനത്തെ ഇത് ബാധിക്കുന്നതായും അതിനാൽ അടിയന്തരമായി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

ഹർജി ഇങ്ങനെ

..................................................
 സാധാരണ ക്രമസമാധാന പരിപാലനത്തിൽ കോടതി ഇടപെടാറില്ല. ശബരിമലയിലെ ദൈനംദിന ക്രമസമാധാന പാലനത്തിലും സുരക്ഷാ, തിരക്ക് ക്രമീകരണ സംവിധാനങ്ങളിലും ഇടപെടാൻ നിരീക്ഷകർക്ക് അധികാരം നൽകി പൊലീസിനെയും മറ്റു വകുപ്പുകളെയും നിയന്ത്രിക്കുന്നു.

 സുപ്രീംകോടതി വിധി നടപ്പാക്കാനാണ് മുൻകാലങ്ങളെക്കാൾ കൂടുതൽ പൊലീസിനെ വിന്യസിച്ചത്. പൊലീസ് ഉദ്യോഗസ്ഥരിൽ ഹൈക്കോടതിയും സംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഭക്തർക്കെതിരെ പൊലീസ് അതിക്രമം ഒന്നുപോലും ചൂണ്ടിക്കാട്ടിയിട്ടില്ല.

 പ്രതിഷേധക്കാരുടെ അതിക്രമങ്ങളെക്കുറിച്ചും മണ്ഡലകാലത്ത് ചില രാഷ്ട്രീയപാർട്ടികൾ പ്രശ്നങ്ങളുണ്ടാക്കുമെന്നതും ചൂണ്ടിക്കാട്ടി ശബരിമല സ്പെഷ്യൽ കമ്മിഷണർ തന്നെ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

 നിലവിൽ സ്പെഷ്യൽ കമ്മിഷണറും ഉന്നതാധികാര സമിതിയുമിരിക്കെ നിരീക്ഷക സംഘത്തെ നിയോഗിച്ചത് ഏകപക്ഷീയവും നിയവിരുദ്ധവും ഭരണഘടനാ തത്വത്തിന്റെ ലംഘനവുമാണ്.

 സ്ത്രീകളുൾപ്പെടെയുള്ള പ്രതിഷേധക്കാർ പലതവണ നടപ്പന്തലിൽ പ്രതിഷേധിച്ച് യുവതീപ്രവേശനം തടഞ്ഞു. നടപ്പന്തലിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ പലതരത്തിലുള്ള ശ്രമങ്ങളുണ്ടായി. നവംബർ 5ന് ഒരു കൂട്ടം പ്രതിഷേധക്കാർ നടപ്പന്തൽ കൈയേറി 52 കാരിയായ സ്ത്രീയെ ആക്രമിച്ചു. പതിനെട്ടാം പടിയും കൈയടക്കുന്ന സ്ഥിതിയുണ്ടായി. ഈ സുരക്ഷാപ്രശ്നങ്ങൾ പരിഗണിക്കാതെയാണ് ഹൈക്കോടതി നടപ്പന്തലിലെ നിയന്ത്രണങ്ങൾ നീക്കിയത്.
 ഐ.പി.എസ് ഉദ്യോഗസ്ഥനും കൂടി ഉൾപ്പെട്ട നിരീക്ഷക സംഘത്തിന് പൊലീസ് ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകൾക്ക് നിർദ്ദേശം നൽകാനുള്ള അധികാരം നൽകി. തന്നെക്കാൾ ഉയർന്ന പദവിയിലുള്ള ചീഫ് സെക്രട്ടറി, പൊലീസ് - വനംവകുപ്പ് തലവന്മാർ, മറ്റ് വകുപ്പ് തലവന്മാർ എന്നിവർക്ക് ഈ ഉദ്യോഗസ്ഥൻ നിർദ്ദേശം നൽകുന്ന സാഹചര്യമാണ് ഫലത്തിലുണ്ടായിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
LATEST VIDEOS
YOU MAY LIKE IN INDIA