ന്യൂഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ക്രിസ്റ്റ്യൻ മിഷേലിന്റെ വരവോടെ അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്ടർ ഇടപാടും രാഷ്ട്രീയരംഗം കൊഴുപ്പിക്കുമെന്നുറപ്പായി.
യു.പി.എ സർക്കാരിന്റെ കാലത്ത് വിവാദമായ കോപ്റ്റർ ഇടപാടിന് തീപിടിപ്പിച്ച്, റാഫേൽ ഇടപാടിൽ അനിൽ അംബാനിയുടെ കമ്പനിക്ക് 30,000 കോടി ലാഭമുണ്ടാക്കിയെന്ന കോൺഗ്രസ് ആരോപണം പ്രതിരോധിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം.
3600 കോടിയുടെ കോപ്റ്റർ ഇടപാട് നടക്കാൻ 423 കോടി രൂപ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും കോഴയായി നൽകിയെന്ന ആരോപണം കോൺഗ്രസിനെ അടിക്കാനുള്ള ബി. ജെ. പിയുടെ ആയുധമാണ്. ഇടപാടുറപ്പിക്കാൻ മുൻപ്രധാനമന്ത്രി മൻമോഹൻസിംഗ്, അന്നത്തെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി, പൊളിറ്റിക്കൽ സെക്രട്ടറി അഹമ്മദ് പട്ടേൽ എന്നിവരെ അഗസ്റ്റ കമ്പനി അറസ്റ്റിലായ ക്രിസ്റ്റ്യൻ മിഷേൽ വഴി ലക്ഷ്യമിട്ടെന്നും ആരോപണമുണ്ട്. മിഷേൽ തയ്യാറാക്കിയതെന്നു കരുതുന്ന ഡയറിയിൽ ഫാമിലി, എ.പി തുടങ്ങിയ ചുരുക്കപ്പേരുകളുടെ ചുരുളഴിയിക്കാനുള്ള ശ്രമത്തിലാണ് സി.ബി.ഐ. ഇത് ഗാന്ധി കുടുംബവും അഹമ്മദ് പട്ടേലുമാണെന്നാണ് ബി. ജെ. പി ആരോപണം. സോണിയയ്ക്കുള്ള ബന്ധം പറയിപ്പിക്കാൻ സി.ബി.ഐ ശ്രമിച്ചതായി മിഷേലിന്റെ അഭിഭാഷകൻ മുമ്പ് വെളിപ്പെടുത്തിയതുമാണ്.
വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ യു.എ.ഇയിലേക്ക് അയച്ച് മിഷേലിന്റെ കൈമാറ്റം പെട്ടെന്ന് നടപ്പാക്കിയതും കേസ് രാഷ്ട്രീയമായി മുതലെടുക്കാനാണ്. യൂത്ത് കോൺഗ്രസിന്റെ നിയമവിഭാഗം മേധാവിയും മലയാളിയുമായ അൽജോ കെ.ജോസഫ് പട്യാലാ കോടതിയിൽ മിഷേലിനു വേണ്ടി ഹാജരായതും ബി.ജെ.പി തരംപോലെ ഉപയോഗിച്ചു. സമ്മർദ്ദത്തിലായ കോൺഗ്രസിന് അൽജോയെ പുറത്താക്കേണ്ടി വന്നു. കേസ് മറ്റൊരു വഴിക്ക് വന്നപ്പോൾ സ്വീകരിച്ചെന്നാണ് അൽജോയ്ക്ക് ഒപ്പം കോടതിയിൽ ഹാജരായ മലയാളി അഭിഭാഷകൻ വിഷ്ണു ചിതറയുടെ വിശദീകരണം.
കൂടുതൽ വിലയ്ക്ക് റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ കരാർ ഒപ്പിടാനും ഒാഫ്സെറ്റ് പങ്കാളിയായി അനിൽ അംബാനിയുടെ റിലയൻസിനെ നിശ്ചയിക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ഇടപെട്ടെന്നാണ് കോൺഗ്രസ് ആരോപണം. റാഫേൽ മേധാവി ഇതു നിഷേധിച്ചത് ഒത്തുകളിയാണെന്നും കോൺഗ്രസ് പറയുന്നു.
അടുത്ത ആഴ്ച തുടങ്ങുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിലും റാഫേൽആരോപണം നേരിടേണ്ടി വരുമെന്നതും കണക്കാക്കിയാണ് കേന്ദ്രസർക്കാർ ക്രിസ്റ്റ്യൻ മിഷേലിനെ രംഗത്തിറക്കിയത്.
മോദിയുടെ ആവനാഴിയിലെ അമ്പുകൾ
പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാധ്രയ്ക്കെതിരെ രാജസ്ഥാനിലെ ബിക്കാനീർ ഭൂമി ഇടപാട് കേസിൽ സാമ്പത്തിക കുറ്റകൃത്യ വിഭാഗം നടപടിയിലേക്ക് നീങ്ങുന്നു.
നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധി, സോണിയഗാന്ധി, ഓസ്കാർ ഫെർണാണ്ടസ് എന്നിവരുടെ ആദായ നികുതി റിട്ടേൺ പുനഃപരിശോധിക്കാൻ സുപ്രീംകോടതിയുടെ അനുമതി. ഈ കേസിൽ രാഹുലും സോണിയയും ജാമ്യത്തിലാണ്.