മോദിക്ക് മറുപടിയുമായി ഡൽഹിയിൽ നായിഡുവിന്റെ സത്യാഗ്രഹം

Monday 11 February 2019 10:18 PM IST

-മമത ഇന്ന് ഡൽഹിയിൽ

-ആന്ധ്രയിലെ ജനങ്ങൾക്ക് അമിത് ഷായുടെ കത്ത്

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കാനും പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് ആന്ധ്രാ മുഖ്യമന്ത്രിയും തെലുങ്കു ദേശംപാർട്ടി അദ്ധ്യക്ഷനുമായ ചന്ദ്രബാബു നായിഡു ഡൽഹിയിൽ ഏകദിന സത്യാഗ്രഹം നടത്തി. സംസ്ഥാനത്തിന് പ്രത്യേക പദവി എന്ന പ്രധാന ആവശ്യത്തിനൊപ്പം കഴിഞ്ഞ ദിവസം നരേന്ദ്ര മോദി ആന്ധ്രയിൽ വന്നു നടത്തിയ പ്രസംഗങ്ങൾക്ക് ഡൽഹിയിൽ മറുപടി നൽകാനും ജൻമദിനത്തിൽ നടത്തിയ സത്യാഗ്രഹത്തിലൂടെ നായിഡു ലക്ഷ്യമിട്ടിരുന്നു.

ഡൽഹിയിലെ ആന്ധ്രാഭവൻ അങ്കണത്തിൽ നടന്ന ചടങ്ങ് പ്രതിപക്ഷ കൂട്ടായ്മയുടെ വേദിയാക്കി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ്, സമാജ്‌വാദിപാർട്ടി നേതാവ്മുലായം സിംഗ് യാദവ്, എൽ.ജെ.ഡി നേതാവ് ശരത് യാദവ്, നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്‌ദുള്ള, ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാൾ, സമതൃണമൂൽ നേതാവ് ഡെറിക് ഒബ്രെയ്‌ൻ, എൻ.സി.പി നേതാവ് മജീദ് മേമൺ തുടങ്ങിയ നേതാക്കളെത്തി. രാവിലെ രാജ്ഘട്ടിൽ പുഷ്‌പാർച്ചന നടത്തിയ ശേഷമാണ് നായിഡു സമരം തുടങ്ങിയത്. ആന്ധ്രയ്‌ക്ക് പ്രത്യേക പദവി നൽകണമെന്ന്ആവശ്യപ്പെട്ട് രാഷ്‌‌ട്രപതി രാംനാഥ് കോവിന്ദിന് അദ്ദേഹം നിവേദനവും നൽകി.

കഴിഞ്ഞ ദിവസം ആന്ധ്രയിൽ നടന്ന റാലിയിൽ സംസ്ഥാനത്ത് നായിഡുവിന്റെ കുടുംബഭരണമാണ് നടക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കളിയാക്കിയിരുന്നു. ലോകേഷിന്റെ പിതാവ് എന്നു പറഞ്ഞ് നായിഡുവിന്റെ മകന്റെ പേരും പരാമർശിച്ചിരുന്നു. തുടർന്ന് മോദിയുടെ ഭാര്യയുടെ പേരും പരസ്യമായി പറഞ്ഞ് നായിഡു തിരിച്ചടിച്ചിരുന്നു. ജനങ്ങൾക്കിടയിൽ വെറുപ്പു പടർത്താനാണ് മോദി ശ്രമിക്കുന്നതെന്ന് നായിഡു ഡൽഹിയിൽ പറഞ്ഞു.

2013ലും വിഭജനത്തിനു ശേഷം ആന്ധ്രയുടെ താത്പര്യങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നായിഡു ഡൽഹിയിൽ സത്യാഗ്രഹം നടത്തിയിരുന്നു. അഞ്ചാം ദിവസം ആരോഗ്യം മോശമായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നു.

നായിഡു നിലപാടില്ലാത്ത നേതാവ്: അമിത് ഷാ

എൻ.ഡി.എയിൽ അംഗമായിരുന്ന സമയത്ത് പ്രത്യേക പാക്കേജ് വികസനത്തിന് ആവശ്യമില്ലെന്ന നിലപാടാണ് നായിഡു സ്വീകരിച്ചതെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ ചൂണ്ടിക്കാട്ടി. നായിഡു നിലപാടുകളിൽ സ്ഥിരതയില്ലാത്ത നേതാവാണെന്നും ആന്ധ്രയിലെ ജനങ്ങൾക്കെഴുതിയ കത്തിൽ ഷാ പറയുന്നു.

ജനങ്ങൾക്കിടയിൽ വിശ്വാസം നഷ്‌ടമായതോടെയാണ് പുതിയ പ്രഖ്യാപനങ്ങളുമായി ഇറങ്ങിയത്. സംസ്ഥാനത്തിന്റെ വികസനത്തിന് പ്രത്യേക പാക്കേജ് ആവശ്യമില്ലെന്ന് പറഞ്ഞ ആളാണ് നായിഡു. പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടവരെ അറസ്‌റ്റും ചെയ്‌തു. പകരം കേന്ദ്ര സർക്കാർ അനുവദിച്ച പ്രത്യേക സാമ്പത്തിക പാക്കേജിന് അനുകൂലമായി നിയമസഭ പ്രമേയം പാസാക്കി. നിലപാടുകളിൽ നിന്ന് മലക്കം മറിയുന്ന നായിഡു തോൽവി മുന്നിൽ കണ്ടാണ് പ്രധാനമന്ത്രിയെ വിമർശിക്കുന്നത്. അതിരുകടന്ന് വിമർശിക്കുന്ന നായിഡു പ്രധാനമന്ത്രി ആന്ധ്രയിൽ ചെന്നപ്പോൾ സ്വീകരിക്കാൻ പോലും എത്തിയില്ല.

സംസ്ഥാന താത്പര്യങ്ങൾക്ക് വിരുദ്ധമായി വിഭജനം നടപ്പാക്കിയ കോൺഗ്രസിനെ കൂട്ടുപിടിച്ച നായിഡുവിനെ അടുത്ത തിരഞ്ഞെടുപ്പിൽ ജനങ്ങൾ പാഠം പഠിപ്പിക്കും. നായിഡുവിന്റെ ഉള്ളിൽ കോൺഗ്രസ് രക്തമാണ്. സംസ്ഥാന രൂപീകരണ നിയമത്തിൽ പ്രത്യേക പാക്കേജ് നിർദ്ദേശം ഉൾപ്പെടുത്താതിരുന്ന കോൺഗ്രസിനും സംസ്ഥാനത്തിന്റെ നൻമയിൽ താത്പര്യമില്ല. അതേസമയം പോളാവരം ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളാൻ എൻ.ഡി.എ സർക്കാർ തുടക്കം മുതൽ ശ്രമിച്ചുവെന്നും അമിത് ഷാ ചൂണ്ടിക്കാട്ടുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
LATEST VIDEOS
YOU MAY LIKE IN INDIA