ന്യൂഡൽഹി: സി.ബി.ഐ ഡയറക്ടർ അലോക് വർമ്മയ്ക്കെതിരെ നടപടിയെടുക്കാൻ കേന്ദ്രം പറയുന്ന കാരണങ്ങൾ അർദ്ധരാത്രി ഉണ്ടായതല്ലെന്ന് നിരീക്ഷിച്ചുകൊണ്ട്, ഡയറക്ടറെ അടിയന്തരമായി മാറ്റാനുള്ള സാഹചര്യമെന്താണെന്ന് സുപ്രീംകോടതി ചോദിച്ചു. സെലക്ഷൻ കമ്മിറ്റിയോട് എന്ത്കൊണ്ട് കൂടിയാലോചിച്ചില്ല? സ്ഥാപനത്തിന്റെ താത്പര്യത്തിന് മികച്ചത് എന്തായിരിക്കണം എന്നതാവണം സർക്കാരിന്റെ എല്ലാ നടപടിയുടെയും അന്തസത്തയെന്നും ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
തന്നെ അവധിയിൽ പ്രവേശിപ്പിച്ച കേന്ദ്ര തീരുമാനത്തിനെതിരെയുള്ള അലോക്വർമ്മയുടെ ഹർജിയിൽ അന്തിമ വാദത്തിനിടെയാണ് കോടതിയുടെ പരാമർശം. വാദം പൂർത്തിയാക്കി ഹർജി വിധി പറയാൻ മാറ്റി.
അസാധാരണ സാഹചര്യമുണ്ടായതിനാലാണ് മാറ്റിനിറുത്താൻ തീരുമാനിച്ചതെന്ന് കേന്ദ്ര വിജിലൻസ് കമ്മിഷന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. അലോക് വർമ്മയ്ക്കെതിരായ ആരോപണങ്ങളും പ്രത്യാരോപണങ്ങളും അതുവരെ പരിശോധിക്കാത്തതിനാൽ സ്ഥലംമാറ്റേണ്ടതില്ലെന്നും അതേസമയം അദ്ദേഹം ചുമതലയിലിരിക്കെ അന്വേഷണം നടത്തുന്നത് ശരിയല്ലെന്നുമായിരുന്നു സി.വി.സിയുടെ നിഗമനം. അതുകൊണ്ട് അദ്ദേഹത്തെ സ്ഥലംമാറ്റുകയല്ല മാറ്റിനിറുത്തുക മാത്രമമാണ് ചെയ്തതെന്നും തുഷാർ മേത്ത പറഞ്ഞു.
ഒക്ടോബർ 23ന് അർദ്ധരാത്രിയിലല്ല ഈ പറഞ്ഞ കാരണങ്ങളുണ്ടായതെന്ന് ചീഫ്ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ജൂലായ് മുതൽ സഹിക്കാമെങ്കിൽ പെട്ടെന്ന് മാറ്റാനുള്ള അടിയന്തര സാഹചര്യം എന്താണുണ്ടായതെന്നും അദ്ദേഹം ചോദിച്ചു. അടിയന്തര നടപടി അനിവാര്യമായിരുന്നു എന്നായിരുന്നു തുഷാർ മേത്തയുടെ മറുപടി. സർക്കാർ നടപടിയിൽ ന്യായം വേണം. സെലക്ഷൻ കമ്മിറ്റിയുമായി കൂടിയാലോചിക്കുന്നതിൽ ബുദ്ധിമുട്ടെന്തായിരുന്നുവെന്നും കോടതി ചോദിച്ചു.