ബംഗലുരു: ടാക്സി ഡ്രൈവറെ തട്ടികൊണ്ടുപോയി പണം തട്ടിയെടുത്ത അക്രമിസംഘം ഭാര്യയെ വീഡിയോ കാളിൽ വിളിച്ച് ഭീഷണിപ്പെടുത്തി നഗ്നദൃശ്യങ്ങളെടുത്തു. ദൃശ്യങ്ങളുടെ സ്കീൻഷോട്ടും സംഘം പകർത്തി. ബംഗലുരുവിൽ വെള്ളിയാഴ്ചയാണ് സംഭവം.
ബംഗലുരുവിലെ അടുഗോഡിയിൽ നിന്നാണ് നാലംഗസംഘം വണ്ടി ബുക്ക് ചെയ്തത്. ദൊമ്മസാന്ദ്രയിലേക്കായിരുന്നു ഇവർ കാർ ബുക്ക് ചെയ്തിരുന്നത്. രാത്രി 10 മണിയോടെ എത്തിയ ഇവർ ഡ്രൈവറോടൊപ്പം കാറിൽ കയറി. രാത്രി 10.30ന് ഇവർ ബുക്ക് ചെയ്ത സ്ഥലത്ത് വാഹനം എത്തി. എന്നാൽ ഇവർ കാറിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കിയില്ല. കാർ തുടർന്നും ഓടിക്കാൻ ഇവർ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് നാലുപേരും ചേർന്ന് ഡ്രൈവറെ മർദ്ദിച്ച ശേഷം കാറിന്റെ താക്കോൽ പിടിച്ചുവാങ്ങി. ഇവരിൽ ഒരാൾ വണ്ടിയോടിച്ചു.
വിജനമായ സ്ഥലത്ത് വണ്ടിനിർത്തിയ സംഘം ഫോൺപിടിച്ചുവാങ്ങി സോമശേഖരന്റെ ഭാര്യയെ വീഡിയോകാൾ ചെയ്തു. സോമശേഖരനെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ സംഘം ഭാര്യയെക്കൊണ്ട് വസ്ത്രം അഴിപ്പിച്ച് നഗ്നയാക്കി. ഇതിന്റെ സ്ക്രീൻഷോട്ട് എടുക്കുകയും ചെയ്തു.
പണം ആവശ്യപ്പെട്ട സംഘത്തിന് തന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്ന 9000 രൂപ നൽകിയെങ്കിലും ഇവർ വീണ്ടും തുക ആവശ്യപ്പെട്ടു. ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് പണം ട്രാൻസ്ഫർ ചെയ്യാനും നിർബന്ധിച്ചു. പേ.ടി.എം അക്കൗണ്ടിൽ ഉണ്ടായിരുന്ന 20,000 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിച്ച ശേഷം പിൻവലിച്ചതായും ഡ്രൈവർ പറയുന്നു.
രാമനഗര ജില്ലയിലെ ചന്നപ്പട്ടണ എന്ന സ്ഥലത്തെ ലോഡ്ജിലെത്തിയപ്പോൾ ടോയ്ലെറ്റിന്റെ ജനാല വഴി ഡ്രൈവർ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഇയാൾ ചന്നപ്പട്ടണ പൊലീസിനെ കണ്ട് പരാതി നൽകി. ദൃശ്യങ്ങൾ പകർത്തിയ ഫോണും സംഘം കൊണ്ടുപോയതായി പരാതിയിൽ പറയുന്നു.