മോഷണ സ്ഥലം കണ്ടുപിടിക്കുന്നത് ഗൂഗിൾ മാപ്പിലൂടെ, യാത്ര വിമാനത്തിൽ: ഹൈടെക് കള്ളന്റെ ഞെട്ടിക്കുന്ന മോഷണ രീതികൾ

Wednesday 05 December 2018 3:29 PM IST

hitech-thief

ഹൈദരാബാദ് : പണക്കാരുടെ താമസസ്ഥലം കണ്ടുപിടിക്കുന്നത് ഗൂഗിൾ മാപ്പിലൂടെ. മോഷണത്തിന് തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലേക്ക് യാത്രചെയ്യുന്നത് വിമാനത്തിൽ.തിരികെ പോകുന്നത് ട്രെയിനിൽ..അടുത്തിടെ തെലുങ്കാനയിൽ അറസ്റ്റിലായ ഹൈടെക് കള്ളൻ ആന്ധ്രാ സ്വദേശിയായ സാഥിയ റെഡ്ഢിയുടെ രീതികളാണിതൊക്കെ. മോഷണത്തിലൂടെ ലക്ഷങ്ങളാണ് ഇയാൾ സമ്പാദിച്ചതെന്നാണ് പൊലീസ് പറയുന്നത്.


ചെന്നൈയിൽ മോഷണം നടത്താനാണ് ഇയാൾക്ക് ഏറെ താത്പര്യം. ഒരു മോഷണവും പാഴായിപ്പോവരുതെന്ന് നിർബന്ധമുണ്ട്. അതിനാൽ മാസങ്ങൾക്കുമുമ്പുതന്നെ ഒരുക്കങ്ങൾ തുടങ്ങും. ഗൂഗിൾ മാപ്പ് വഴി സമ്പന്നർ താമസിക്കുന്ന സ്ഥലം കണ്ടെത്തുകയാണ് ആദ്യം ചെയ്യുന്നത്. കുറച്ചുദിവസങ്ങൾക്കുള്ളിൽ വിമാനമാർഗം അവിടെയെത്തും. ചെന്നപടി മോഷണം നടത്തില്ല. സ്ഥലത്തെക്കുറിച്ച് വിശദമായി പഠിക്കും. എത്രവീടുകൾ, അവയിൽ എത്രഅംഗങ്ങൾ, പകൽസമയത്ത് ജോലിക്കുപോകുന്നവർ എത്ര. അവർ എപ്പോൾ തിരിച്ചുവരും എന്നൊക്കെ വിശദമായി പഠിക്കും. എല്ലാം മനസിലാക്കിക്കഴിഞ്ഞാൽ പകൽസമയത്ത് വീട്ടുകാർ ജോലിക്ക് പോകുന്ന സമയം മോഷണം നടത്തും.
'സ്പെഷ്യൽ ടൂളുകൾ' ഉപയോഗിച്ചാണ് ജനാലകളും വാതിലുകളും തുറക്കുന്നത്. മോഷണ സമയത്ത് മുഖംമൂടിയും കൈയുറയും മസ്റ്റാണ്.സി.സി.ടി. വിയുടെ പിടിയിൽ പെടാതിരിക്കാനും വിരലടയാളങ്ങൾ പതിയാതിരിക്കാനുമാണ് ഇതെല്ലാം. വിലപിടിപ്പുള്ള സാധനങ്ങളുമായി വളരെപ്പെട്ടെന്ന് സ്ഥലം വിടുകയും ചെയ്യും. പരിശോധനയും മറ്റും ഒഴിവാക്കാൻ മോഷണസാധനങ്ങളുമായി സ്വദേശത്തേക്ക് പോകുന്നത് ട്രെയിനിലാണ്.

ചെന്നെെ അപ്പോളോ ആശുപത്രിയിലെ ഡോക്ടറുടെ നുങ്ങാമ്പക്കത്തെ വീട്ടിൽ നടന്ന മോഷണത്തിലെ പ്രതിയെ കണ്ടെത്താനാകാത്തത് പൊലീസിന് ഏറെ തലവേദന സൃഷ്ടിച്ചിരുന്നു. ഒരു തുമ്പ് പോലും അവശേഷിപ്പിക്കാത്തതിനാൽ ഒരു പ്രൊഫഷണൽ മോഷ്ടാവാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസിന് വ്യക്തമായിരുന്നു. അന്വേഷണം തകൃതിയായി നടക്കുന്നതിനിടെ സമാനമായ രീതിയിൽ ചെന്നെെയിലെ വിവിധയിടങ്ങളിൽ മോഷണം നടന്നു. അതോടെ പൊലീസ് കൂടുതൽ സമ്മർദ്ദത്തിലായി. ഈ കേസുകളെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് തെലങ്കാനയിൽ വച്ച് സത്യ റെഡ്ഢി പിടിയിലാകുന്നത്. ചോദ്യം ചെയ്തതോടെ എല്ലാ മോഷണങ്ങളും നടത്തിയത് താനാണെന്ന് സത്യ ഏറ്റുപറഞ്ഞു. മോഷണത്തിലൂടെ ലഭിക്കുന്ന പണം സുഖജീവിത്തതിനാണ് ഉപയോഗിച്ചിരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
LATEST VIDEOS
YOU MAY LIKE IN INDIA