AUDIO

ബുലന്ദ്ഷഹറിൽ സംഘർഷം തുടരുന്നു, ഇൻസ്‌പെക്ടറുടെ കൊല ആസൂത്രിതം

Wednesday 05 December 2018 12:27 AM IST

subodh

ബുലന്ദ്ഷഹർ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ഗോവധം ആരോപിച്ച് ആൾക്കൂട്ടം കലാപമുണ്ടാക്കിയതും ഇൻസ്‌പെക്ടർ സുബോധ് കുമാർ സിംഗിനെ കൊലപ്പെടുത്തിയതും ആസൂത്രിതമായിരുന്നെന്ന് സൂചന. പരിക്കേറ്റ സുബോധ് കുമാർ സിംഗിനെ ആശുപത്രിയിലേക്ക്

കൊണ്ടുപോകുമ്പോൾ അക്രമികൾ പിന്തുടർന്ന് വെടിവച്ചു കൊല്ലുകയായിരുന്നു. സംഭവത്തിൽ ബുലന്ദ്ഷഹറിലെ ബജ്‌റംഗ് ദൾ കൺവീനർ യോഗേഷ് രാജ്, ചമൻ, ദേവേന്ദ്ര, ആഷിഷ് ചൗഹാൻ, സതീഷ് എന്നിവരെ അറസ്റ്റ് ചെയ്‌തു. പശുവിനെ കൊല്ലുന്നത് കണ്ടതായി പരാതി നൽകിയ ആളാണ് യോഗേഷ് രാജ്. ഇയാളാണ് സംഘർഷങ്ങളുടെ പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഏഴ് മുസ്ളിം സമുദായക്കാർക്കെതിരെയും കേസെടുത്തു. കലാപത്തിൽ ആർ.എസ്.എസ്, ബജ്റംഗ്‌ദൾ ബന്ധമുള്ള കണ്ടാലറിയാവുന്ന 28 പേരുൾപ്പെടെ എഴുപത് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രദേശത്ത് സംഘർഷാവസ്ഥയാണ്.

വർഗീയ സംഘർഷമുണ്ടാക്കാൻ കരുതിക്കൂട്ടി നടപ്പാക്കിയതാണ് അക്രമമെന്നാണ്‌ പ്രാഥമിക വിവരം. ബുലന്ദ്ഷഹറിലെ മഹവ് ഗ്രാമത്തിലാണ് പശുവിന്റെ ജഡം കണ്ടതായി പറയപ്പെടുന്നത്. സിയാന കോട്‌വാലി സ്റ്റേഷനിലെ ഇൻസ്‌പെക്ടർ സുബോധ്കുമാർ സിംഗിന് പുറമേ പ്രദേശവാസിയായ സുമിത്ത് (20) എന്ന യുവാവും കൊല്ലപ്പെട്ടു. പൊലീസിനെ കല്ലെറിഞ്ഞ ജനക്കൂട്ടം ഔട്ട്പോസ്റ്റ് ആക്രമിച്ച് പൊലീസ് വാഹനങ്ങളും രേഖകളും കത്തിച്ചു. കൂടാതെ നിരവധി കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കും തീയിട്ടു.

അവനെ കൊല്ലൂ...

അക്രമികളെ നിയന്ത്രിക്കാൻ ശ്രമിച്ച ഇൻസ്‌പെക്ടർ സുബോധ്കുമാറിന് കല്ലേറിൽ തലയ്‌ക്ക് പരിക്കേറ്റു. ഡ്രൈവർ ഇദ്ദേഹത്തെ ജീപ്പിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ പിന്തുടർന്നെത്തിയ അക്രമികൾ വളഞ്ഞ് വെടിവയ്ക്കുകയായിരുന്നു. 'അവനെ വെടിവച്ച് കൊല്ലൂ' എന്ന് അക്രമികൾ ആക്രോശിച്ചതായും താൻ ഓടി രക്ഷപ്പെടുകയായിരുന്നെന്നും ഡ്രൈവർ പറഞ്ഞു. വെടിയേറ്റ് ജീപ്പിൽനിന്ന് പുറത്തേക്കു തൂങ്ങിക്കിടക്കുന്ന ഇൻസ്‌പെക്ടറുടെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഇടത് പുരികത്തിനേറ്റ വെടിയുണ്ടയാണ് സുബോധ്കുമാറിന്റെ ജീവനെടുത്തതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ഇദ്ദേഹത്തിന്റെ സർവീസ് റിവോൾവറും മൂന്ന് മൊബൈൽ ഫോണുകളും അക്രമികൾ തട്ടിയെടുത്തു.

പൊലീസ് ഒത്തുകളിച്ചു?

സുബോധ്കുമാറിനെ വധിക്കാൻ കളമൊരുക്കി മറ്റ് പൊലീസുകാർ സ്ഥലത്തു നിന്ന് മാറിയെന്ന് ആരോപണമുണ്ട്. ഇത് അന്വേഷിക്കുമെന്ന് മീററ്റ് എ.ഡി.ജി.പി പ്രശാന്ത് കുമാർ പറഞ്ഞു. പ്രത്യേക അന്വേഷണസംഘം നാളെ റിപ്പോർട്ട് സമർപ്പിക്കും.

ദാദ്രി കേസിന് തുമ്പുണ്ടാക്കിയ സുബോധ്

2015 സെപ്തംബറിൽ ദാദ്രിയിൽ ഗോവധം ആരോപിച്ച് ആൾക്കൂട്ടം അഖ്‌ലാഖ് എന്നയാളെ കൊലപ്പെടുത്തിയ കേസ് അന്വേഷിച്ച് സംഘപരിവാർ ബന്ധമുള്ള അക്രമികളെ കണ്ടെത്തിയത് ഇൻസ്‌പെക്ടർ സുബോധായിരുന്നു. കോളിളക്കം സൃഷ്ടിച്ച കേസിന്റെ അന്വേഷണം പൂർത്തിയാക്കും മുമ്പ് സുബോധിനെ വാരണാസിയിലേക്ക് മാറ്റി. ഇതാണ് സുബോധിന്റെ കൊലപാതകം ആസൂത്രിതമാണെന്ന സംശയത്തിന് കാരണം.

സുബോധിന്റെ കുടുംബത്തിന് 40 ലക്ഷം രൂപയും മാതാപിതാക്കൾക്ക് 10 ലക്ഷം രൂപയും കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലിയും നൽകും.

- മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

മതത്തിന്റെ പേരിൽ ഒരു സംഘർഷത്തെയും പ്രോത്സാഹിപ്പിക്കാത്ത നല്ലൊരു പൗരനാകണമെന്നാണ് അച്ഛൻ പറഞ്ഞിട്ടുള്ളത്. എന്നിട്ടും മതത്തിന്റെ പേരിലുണ്ടായ സംഘർഷത്തിൽ എനിക്ക് അച്ഛനെ നഷ്ടമായി.
- അഭിഷേക്, സുബോധ്കുമാറിന്റെ മകൻ (പന്ത്രണ്ടാം ക്ലാസ് പരീക്ഷ കഴിഞ്ഞിറങ്ങിയ ഉടനേയാണ് അച്ഛൻ കൊല്ലപ്പെട്ടത് അഭിഷേക് അറിയുന്നത്)

കൊലപാതകത്തിന് ദാദ്രി കേസുമായി ബന്ധമുണ്ട്. പൊലീസ് ഗൂഢാലോചന നടത്തി. ഞങ്ങൾക്ക് പണം വേണ്ട.

– സുബോധിന്റെ സഹോദരി

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
LATEST VIDEOS
YOU MAY LIKE IN INDIA