നിറുകയിലെ മുടി കൊഴിയുന്നതും വശങ്ങളിലേക്ക് നര വ്യാപിക്കുന്നതും സാധാരണമാണ്. പ്രത്യേകിച്ചും ആർത്തവം നിലയ്ക്കാറാകുമ്പോൾ. തലയോട്ടിയിലും മറ്റുമുള്ള രോമങ്ങൾ ഹോർമോണുകളെ ആശ്രയിച്ചാണ് നിലനില്ക്കുന്നത്. മദ്ധ്യവയസ് കഴിയുമ്പോൾ പുരുഷ ഹോർമോണുകളുടെയും സ്ത്രീ ഹോർമോണുകളുടെയും ഉത്പാദനം കുറയുകയും അതിന്റെ പ്രവർത്തനം മന്ദഗതിയിലാവുകയും ചെയ്യും. തന്മൂലം പുരുഷന്മാരിൽ നെഞ്ചത്തും പുറത്തും തലയിലുള്ള രോമങ്ങൾ കൊഴിഞ്ഞ് ഇല്ലാതാവുന്നു. എന്നാൽ ചില ശരീരഭാഗങ്ങളിൽ ഉദാ: ചെവിയിലും, പുരികത്തിലും ഉള്ള രോമങ്ങൾ കട്ടി കൂടി, കുറ്റിരോമങ്ങളായി മാറുന്നതും കാണാം.
ആർത്തവ വിരാമം വന്ന സ്ത്രീകളിൽ ചർമ്മത്തിൽ പലതരം അസ്വസ്ഥതകൾ കണ്ടുവരുന്നുണ്ട്. വരണ്ട തൊലി, ശരീരത്തിൽ അസഹ്യമായ ചൂട് അനുഭവപ്പെടുക, കൈപ്പത്തിയിലെയും കാൽപാദങ്ങളിലെയും തൊലിയുടെ കട്ടി കൂടിവരിക ഇവയൊക്കെ മിക്ക സ്ത്രീകൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നവയാണ്. മുഖത്ത് 'കരിമംഗല്യം" എന്ന് പഴമക്കാർ പറയുന്ന കറുത്ത പാടുകൾ, ചുവന്ന മറുകുകൾ, മടക്കുകളിലെ തൊലി കറുക്കുകയും കട്ടിപിടിക്കുകയും ചെയ്യുക, മുഖത്ത് രോമങ്ങൾ വളരുക എന്നിവയും ആർത്തവം നിലച്ച സ്ത്രീകളിൽ ധാരാളമായി കണ്ടുവരുന്നു.
വാർദ്ധക്യം തുടങ്ങുമ്പോൾ, മുഖത്തെ ചുളിവുകളാണ് ആദ്യമായി പ്രത്യക്ഷപ്പെടുക. ത്വക്കിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നതു കൊണ്ടാണത്. ശരീരമാസകലമുള്ള ചർമ്മത്തിന് അസഹ്യമായ ചൊറിച്ചിൽ ചിലർക്ക് ഉണ്ടാകും. അത് പ്രായമാകുമ്പോൾ തൊലി വരളുന്നതു കൊണ്ടാണ്. ചെവിയിൽ വയ്ക്കുന്ന ഹിയറിംഗ് എയ്ഡിലെ പ്ളാസ്റ്റിക്കിനോടുള്ള അലർജി, കണ്ണാടി ഫ്രെയിമിനോടുള്ള അലർജി, ഹെയർ ഡൈകളോടുള്ള അലർജി ഇവയും മദ്ധ്യവയസ്കരിലും വൃദ്ധരിലും കൂടുതലായി കാണുന്നുണ്ട്.
(തുടരും)