ഉറങ്ങുമ്പോൾ കൂർക്കം വലിക്കുന്നു എന്ന പ്രശ്നം അപ്പുണ്യേട്ടന്റേതായിരുന്നില്ല. സദാ ഉണർന്നിരിക്കുന്ന സഹധർമ്മിണിയുടേതായിരുന്നുവത്രെ. ആഹാര നീഹാര നിദ്രാദികളിൽ ആസക്തിക്കുറവില്ലാത്ത അപ്പുണ്യേട്ടന് വീണേടം വിഷ്ണുലോകം ആയിരുന്നു. പൂരപ്പറമ്പിലോ ബസ് സ്റ്റാൻഡിലോ ആശുപത്രി വരാന്തയിലോ കിടന്ന് സമൃദ്ധമായി ഉറങ്ങിയ ചരിത്രമുണ്ട്. അന്നും കൂർക്കംവലി കൂട്ടിനുണ്ടായിരുന്നുവോ എന്നറിയില്ല. സഹശയനക്കാരുടെ കൂർക്കംവലിയെ നേരിടേണ്ട അവസ്ഥ, ഉറക്കമത്സരത്തിൽ തുടക്കം കുറിക്കാൻ കഴിയുന്ന അപ്പുണ്യേട്ടന് ഉണ്ടായിരുന്നില്ല.
അങ്ങനെയിരിക്കെയാണ് നാട്ടിലെ പുത്തൻ ഫൈവ് സ്റ്റാർ ഹോസ്പിറ്റലുകൾ കൂർക്കം വലിയെ പ്രചാരണായുധമാക്കുന്നത്. നാടെമ്പാടും പരസ്യ ബോർഡുകൾ ഉയരുന്നു. നിങ്ങൾക്കും കൂർക്കം വലിയുണ്ടോ? എന്നാൽ ഹൃദ്റോഗ സാദ്ധ്യത ഏറെയുണ്ട്! പരസ്യം കണ്ട് ഉത്കണ്ഠപ്പെട്ടവരിൽ അപ്പുണ്യേട്ടനുമുണ്ടായിരുന്നു. കുടവയറും കൂർക്കം വലിയും പൈതൃകമായി കിട്ടിയതാണത്രേ. മറ്റൊന്നും മക്കൾക്ക് നൽകാൻ ആ പിതാവിന് കഴിഞ്ഞതുമില്ല.
കൂർക്കം വലിക്കാരുടെ സംസ്ഥാന സമ്മേളനം സംഘടിപ്പിച്ച് ശക്തിയാർജിച്ചാലോ എന്ന് കരുതിയിരിക്കുമ്പോഴാണ് അപ്പുണ്യേട്ടന്റെ കൂർക്കം വലിയിൽ വിദഗ്ദ്ധ ഡോക്ടർ കൈവയ്ക്കുന്നത്. അദ്ദേഹം മറ്റൊരു കൂർക്കംവലി വിദഗ്ദ്ധന് കൈമാറുന്നു. അദ്ദേഹം ഫൈവ് സ്റ്റാർ ഹോസ്പിറ്റലിൽ നിദ്രാ നിരീക്ഷണത്തിന് വിധേയമാക്കുന്നു. അങ്ങനെയാണ് നിദ്രാ നിരീക്ഷണത്തിനായി രാത്രിവാസത്തിന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത്.
ശരിക്കും രോഗിയല്ലെങ്കിലും ആശുപത്രി അപ്പുണ്യേട്ടനെ പട്ടും വളയും നൽകി സ്വീകരിച്ചു. സ്റ്റാർ ഹോട്ടലിലെപ്പോലെ ടി.വി.യും ഫ്രിഡ്ജുമെല്ലാമുള്ള എ.സി മുറി, ഇഷ്ടഭക്ഷണം. അടയാള കങ്കണവും അംഗവസ്ത്രങ്ങളും അണിയിച്ച് രോഗിയായി പട്ടാഭിഷേകം നടത്തി. പരിചരിക്കാൻ മാറിമാറി വരുന്ന മാലാഖമാർ. കാശുള്ള മക്കൾക്ക് മാതാപിതാക്കളെ സുഖചികിത്സയ്ക്ക് അയയ്ക്കാവുന്ന ഇടം! അത്താഴം കഴിഞ്ഞ് പതിവു സീരിയലുകളും നുണഞ്ഞ് കണ്ണു തുടച്ചിരിക്കുമ്പോൾ നിദ്രാനിരീക്ഷണ യന്ത്രാസുരനുമായി വിദഗദ്ധൻ എത്തി. ചിട്ടവട്ടങ്ങൾ പറഞ്ഞ് ഭീതിയുണർത്തി. നെറ്റിയിലും കവിളിലും കൺപോളകളിലുമെന്നുവേണ്ട സകലമാന ഇടങ്ങളിലും ഉറക്കത്തിന്റെ ഉൾത്തുടിപ്പുകൾ ഒപ്പിയെടുക്കാൻ നേർത്ത വയറുകൾ ഒട്ടിച്ചുവച്ചു. എല്ലാം ഏറ്റുവാങ്ങി ചാരപ്പണിയെടുക്കാൻ യന്ത്രവും!
സുഖമായി ഉറങ്ങിക്കൊള്ളൂ. നിങ്ങളെ യന്ത്രം നിശ്ശബ്ദം പഠിച്ചുകൊള്ളും. നിങ്ങളുടെ ഉറക്കത്തിന്റെ ഉൾവഴികൾ ഒപ്പിയെടുത്തുകൊള്ളും. കൂർക്കം വലിയുടെ താളക്രമവും ആഴവും രേഖപ്പെടുത്തും. വേണ്ടിവന്നാൽ ഇവന്റെ പിൻമുറക്കാർ ഭാവിയിൽ നിങ്ങളുടെ സ്വപ്നങ്ങളെയും ചോർത്തിയെടുക്കും. ഒടുവിൽ അയാൾ പുറമെ ഒരു ചിരി പടർത്തി ഉള്ളിൽ ആത്മഗതം ചെയ്തു. നിങ്ങളെ ഞങ്ങൾ കുരുക്കിലാക്കിക്കഴിഞ്ഞു. ഇനി ജീവിതം ഞങ്ങളുടെ വലക്കണ്ണികൾക്കുള്ളിൽ ! യന്ത്രവും ഞങ്ങളും ചേർന്ന് നിങ്ങളെ പിഴിഞ്ഞൂറ്റിയെടുത്തു കൊള്ളാം. അപ്പുണ്യേട്ടൻ യന്ത്രാസുരന്റെ ആലിംഗനത്തിൽ ഉറക്കത്തിന്റെ പടവുകളിറങ്ങി. യന്ത്രം അതിന്റെ പണി തുടങ്ങി. ഉണർവിൽ മാത്രമല്ല ഉറക്കത്തിലും അങ്ങനെ അപ്പുണ്യേട്ടൻ നിരീക്ഷണത്തിലായി. ഉൾക്കണ്ണുകളുടെ വലയിൽ കുടുങ്ങി സുരക്ഷിതനായെന്ന മട്ടിൽ ആ ഒറ്റാലിൽ നീന്തിത്തുടിക്കാൻ തുടങ്ങി.
ഫോൺ : 9447575156.