മലയാളി സിനിമാപ്രേക്ഷകരെ മുൾമുനയിൽ നിർത്തിയ ഒരുപാട് ത്രില്ലർ സിനിമകളുടെ അണിയറയിൽ രചയിതാവായും സംവിധായകനായും തന്റെ കഴിവ് പ്രദർശിപ്പിച്ച വ്യക്തിയാണ് ബി ഉണ്ണികൃഷ്ണൻ. 'വില്ലൻ' എന്ന മോഹൻലാൽ ചിത്രത്തിനുശേഷം ബി ഉണ്ണികൃഷ്ണന്റേതായി പുറത്തുവന്ന കോമഡി-ത്രില്ലർ ചിത്രമാണ് 'കോടതിസമക്ഷം ബാലൻ വക്കീൽ'. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ബി ഉണ്ണികൃഷ്ണൻ തന്നെയാണ്.
വളരെ കഴിവുളള വക്കീലാണെന്കിലും, വിക്കനായതിന്റെ അപകർഷതാബോധവും പേറി ജൂനിയർ വക്കീലായി സേവനമനുഷ്ഠിക്കുന്ന ആളാണ് ബാലകൃഷ്ണൻ (ദിലീപ്). ബാലകൃഷ്ണന്റെ പൊലീസുകാരനായ അളിയൻ (സുരാജ് വെഞ്ഞാറമ്മൂട്) വഴി ഒരു യുവതി (പ്രിയ ആനന്ദ്) ഒരു കേസ് ബാലൻ വക്കീലിനെ ഏൽപ്പിക്കുന്നതും, തുടർന്ന് ആ കേസ് ബാലന്റെയും അനുരാധ എന്ന യുവതിയുടെയും (മംമ്ത മോഹൻദാസ്) ജീവിതത്തെ അപ്രതീക്ഷിതമായ തരത്തിൽ ബാധിക്കുന്നതുമാണ് കഥയുടെ ഇതിവൃത്തം.
കോമഡി മൂഡിൽ തുടങ്ങുന്ന ചിത്രം, രണ്ടാം പകുതിയോടടുക്കുന്നതോടുകൂടി സസ്പെൻസ് ത്രില്ലർ സ്വഭാവം കൈവരിക്കുന്നുണ്ടെന്കിലും, ഉടനീളം ചിരിപ്പിക്കുന്ന പല മുഹൂർത്തങ്ങളും സിനിമയിലുണ്ട്. ബാലൻ വക്കീലിന്റെ സുഹൃത്തായി എത്തുന്ന അജു വർഗീസ്, അളിയനായി വരുന്ന സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ ഗൗരവകരമായ രംഗങ്ങളെയും ലൈറ്റാക്കി അവതരിപ്പിക്കുന്ന കൃത്യം ഭംഗിയായി നിർവഹിക്കുന്നു. ഗ്രാന്റ് മാസ്റ്റർ പോലുളള ബി ഉണ്ണികൃഷ്ണന്റെ മുൻകാലചിത്രങ്ങളോളം ഒരുപക്ഷേ, സസ്പെൻസ് സ്വഭാവം ബാലൻ വക്കീലിനില്ലെന്നതിനാൽ, പ്രേക്ഷകരെ പിടിച്ചുനിർത്തുന്നത് ഈ തമാശകൾ ആണ്.
കൂനനായും മുറിച്ചുണ്ടുളളവനായുമൊക്കെ നമ്മളെ അത്ഭുതപ്പെടുത്തിയിട്ടുളള ദിലീപ് വിക്കനായി സ്ക്രീനിൽ എത്തുമ്പോൾ ഒട്ടും അതിഭാവുകത്വമില്ലാതെത്തന്നെ അദ്ദേഹം ആ കഥാപാത്രത്തെ കൈകാര്യം ചെയ്‌തിട്ടുണ്ട്. കൈഞൊടിക്കുമ്പോൾ, തെല്ലിടനേരത്തേക്ക് വിക്കില്ലാതെയാവുന്നതെല്ലാം, ഉടനീളം കഥാപാത്രം ബ്രേക്ക് ആവാതെ ദിലീപ് കൊണ്ടുപോകുന്നുണ്ട്. ആക്ഷൻ രംഗങ്ങളിലെ പ്രകടനവും സ്ക്രീൻ പ്രസൻസും എടുത്തു പറയേണ്ടതു തന്നെ.
ദിലീപിന്റെ സന്തതസഹചാരികളായി മംമ്ത മോഹൻദാസും അജു വർഗീസും തങ്ങളുടെ ഭാഗം ഭംഗിയാക്കി. സുരാജ് വെഞ്ഞാറമ്മൂട്, സിദ്ദിഖ്, ബിന്ദു പണിക്കർ, ലെന, രഞ്ജി പണിക്കർ, ഗണേഷ് കുമാർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
രാഹുൽ രാജ്, ഗോപീസുന്ദർ എന്നിവർ ചേർന്ന് സംഗീതവിഭാഗം കൈകാര്യം ചെയ്‌തിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അഖിൽ ജോർജ് ആണ്.
സിനിമയുടെ ഒരു പോരായ്‌മയായി തോന്നിയത് തിരക്കഥയിലെ ചില പാളിച്ചകളാണ്. അനാവശ്യമായ സംഘട്ടനരംഗങ്ങളും, ഒരുപാട് മിസ്സിംഗ് ലിന്കുകളും കൊണ്ട് സമ്പുഷ്ടമായ സിനിമ വിദേശതാരങ്ങളെയും തമിഴ് നടന്മാരെയുമെല്ലാം വില്ലന്മാരായി കൊണ്ടുവരുന്ന ഒരു പതിവുരീതി പിന്തുടരുന്നുണ്ട്. പ്രിയ ആനന്ദിനാകട്ടെ കഥയിൽ കാര്യമായ പ്രസക്തി ലഭിക്കുന്നുമില്ല. അതിനാൽത്തന്നെ ചിലയിടങ്ങളിലെല്ലാം ബാലൻവക്കീലെന്ന കഥാപാത്രത്തെപ്പോലെ തപ്പിത്തടയുന്നുണ്ട് സിനിമ.
ദിലീപിനെ എന്നും ജനപ്രിയനായകനായി നിലനിർത്തുന്നത് അദ്ദേഹത്തിന്റെ ചില മാനറിസങ്ങളാണ്. അത്തരം മാനറിസങ്ങൾ ഇഷ്ടപ്പെടുന്ന, സസ്പെൻസ് സിനിമകളിൽ താത്പര്യമുളള പ്രേക്ഷകർക്ക് കാണാവുന്ന ചിത്രമാണ് 'കോടതിസമക്ഷം ബാലൻ വക്കീൽ'. ഒരാളുടെ കുറവുകളല്ല, അയാളുടെ പ്രവൃത്തികളാണ് അയാളെ നിർവചിക്കുന്നതെന്നാണ് ചിത്രം മുന്നോട്ടു വെക്കുന്ന സന്ദേശം!
പാക്കപ്പ് പീസ്: വക്കീൽ വിക്കനാണേലും, മാസ്സാണ്!
റേറ്റിങ്:3/5
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |