വിജയശാന്തിയെ പോലൊരാളുടെ ചവിട്ടുകൊള്ളാൻ പറ്റില്ല, ക്യാപ്‌ടൻ രാജു വില്ലൻ വേഷങ്ങളോട് വിട പറഞ്ഞതിന് പിന്നിൽ

Friday 12 October 2018 3:57 PM IST
captain-raju

 

എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ ആദ്യത്തിലും മലയാള സിനിമയെ വിറപ്പിച്ച വില്ലനായിരുന്നു ക്യാപ്‌ടൻ രാജു. തെന്നിന്ത്യയിലെ തന്നെ മഹാനായ വില്ലൻ എന്നാണ് അടുത്ത സുഹൃത്തുകൂടിയായ നടൻ ദേവൻ രാജുവിനെ വിശേഷിപ്പിച്ചത്. എന്നാൽ വില്ലൻ വേഷങ്ങൾ ഇനി ചെയ്യില്ല എന്ന് രാജു തീരുമാനിച്ചതിന് പിന്നിൽ ഒരു കാരണമുണ്ടെന്ന് പറയുകയാണ് ദേവൻ. കേരള കൗമുദി ഫ്ളാഷ് മൂവീസിൽ ക്യാപ്‌ടൻ രാജുവിനെ അനുസ്‌മരിച്ചെഴുതിയ ലേഖനത്തിലാണ് ദേവൻ ഇക്കാര്യം വ്യക്തമാക്കുന്നത്.

'തെലുങ്കിൽ വലിയ ബാനറുകളുടെയും നായകന്മാരുടെയും ഒപ്പം സൂപ്പർവില്ലനായി അദ്ദേഹം തിളങ്ങുന്ന സമയമാണ്. 1995-96 കാലത്താണ് ഞാൻ തെലുങ്കിലേക്ക് പോകുന്നത്. വിജയശാന്തിയുടെ ഒരു സിനിമയ്ക്ക് വേണ്ടി. വിജയശാന്തിയുടെ സിനിമകളിലൊക്കെ നായകനെക്കാൾ പ്രാധാന്യം വില്ലനാണ്. അന്ന് എന്നെ കാണമ്പോഴൊക്കെ, ഈ വില്ലൻ വേഷങ്ങൾ എനിക്ക് മടുത്തടോ. ഞാൻ മലയാളത്തിൽ കറേ വില്ലൻ വേഷങ്ങൾ ചെയ്‌തു. ഇവിടെ വന്നിട്ടും അതുതന്നെ. ഞാനിത് നിറുത്താൻ പോകുകയാണെന്ന് രാജു പറയും . നമ്മളെ വില്ലന്മാരായാണ് എല്ലാവരും കാണുന്നത്. മാത്രമല്ല വില്ലൻ വേഷങ്ങൾ വളരെ ശക്തമല്ലേ. പെർഫോം ചെയ്യാൻ അവസരം ലഭിക്കുമല്ലോയെന്ന് പറഞ്ഞ് ഞാൻ അദ്ദേഹത്തെ ആശ്വസിപ്പിക്കുമായിരുന്നു. ആ സിനിമയുടെ ക്‌ളൈമാക്‌സ് ഫൈറ്റിൽ വിജയശാന്തി ഓടിവന്ന് ക്യാപ്ടൻ രാജുവിന്റെ നെഞ്ചിൽ ചവിട്ടുന്ന ഒരു രംഗമുണ്ട്. പക്ഷേ, ആ സീനിൽ അഭിനയിക്കാൻ തനിക്ക് പറ്റില്ലെന്ന് രാജു തീർത്തു പറഞ്ഞു. വിജയശാന്തിയെ പോലൊരാൾ തന്റെ നെഞ്ചിൽ ചവിട്ടാൻ പറ്റില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

അത് സെറ്റിൽ വലിയ പ്രശ്‌നമായി. സംവിധായകനും സ്റ്റണ്ട് മാസ്റ്ററും ആ സീൻ ചെയ്യണമെന്ന അഭിപ്രായത്തിൽ ഉറച്ചുനിന്നു. ഇത് സിനിമയല്ലേ, വില്ലൻ റോളുകളിലൂടെയല്ലേ നമ്മൾ വന്നത്. ഏത് സീനായാലും അഭിനയിക്കണ്ടേയെന്ന് ഞാനും പറഞ്ഞനോക്കി. പക്ഷേ, അദ്ദേഹം തയ്യാറായില്ല. മാത്രമല്ല ആ സിനിമയോടെ വില്ലൻ വേഷങ്ങൾ അവസാനിപ്പിക്കുകയാണെന്നും എന്നോട് പറഞ്ഞു. ഷൂട്ടിംഗ് കഴിഞ്ഞതോടെ ഒരു പത്രസമ്മേളനം വിളിച്ച് ഈ തീരുമാനം എല്ലാവരെയും അറിയിക്കുകയും ചെയ്‌തു. അതോടെ ക്യാപ്ടനെ ആരും വില്ലൻ റോളുകളിലേക്ക് വിളിക്കാതെയായി.

അദ്ദേഹം മലയാളത്തിലേക്ക് തിരിച്ചുവന്നു. പിന്നെ കാരക്ടർ റോളുകളേ ചെയ്‌തിട്ടുള്ളൂ. എന്നോടും അത്തരം വേഷങ്ങൾ ചെയ്യണമെന്ന് പറയുമായിരുന്നു. പക്ഷേ, ആ തീരുമാനം ക്യാപ്ടൻ രാജു എന്ന നടന് പറ്റിയ പിഴവായിട്ടാണ് എനിക്ക് തോന്നുന്നത്. രാജുവിനുള്ള അവസരങ്ങൾ കുറയാനും കാരണം അതായിരിക്കാം. പക്ഷേ അദ്ദേഹം പറയും, എന്നാലും സാരമില്ല. കേരളത്തിലെ അമ്മ പെങ്ങന്മാരുടെ മുന്നിൽ ഇപ്പോൾ നല്ല ഇമേജാണെനിക്ക്, അതുമതി' -ദേവൻ പറഞ്ഞു.

അഭിമുഖത്തിന്റെ പൂർണരൂപം ഒക്‌ടോബർ ലക്കം ഫ്ളാഷ് മൂവീസിൽ വായിക്കാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
LATEST VIDEOS
YOU MAY LIKE IN CINEMA