പ്രിയയിൽ നിന്ന് ജാനകയിലേക്ക്

Thursday 11 October 2018 2:28 PM IST
priya-anand

സിനിമാ രംഗത്തെത്തിയതിന്റെ ഒൻപതാം വാർഷികാഘോഷവേളയിൽ ഒരു വലിയ കഥാപാത്രം തേടിയെത്തിയതിന്റെ സന്തോഷം പ്രിയ ആനന്ദിന്റെ മുഖത്തുണ്ട്. ഇന്ന് റിലീസായ കായംകുളം കൊച്ചുണ്ണിയെ പറ്റി, അതിലെ ജാനകിയെ കുറിച്ചൊക്കെപറയുമ്പോൾ പ്രിയയ്ക്ക് നാവ് നൂറാണ്. മലയാളത്തിലെ രണ്ടാമത്തെ ചിത്രം റിലീസാകും മുൻപുതന്നെ മൂന്നാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് പോവുകയാണ് താരം. ബി. ഉണ്ണിക്കൃഷ്ണൻ ദിലീപ് ടീമിന്റെ നീതി എന്ന ചിത്രത്തിൽ പ്രിയയാണ് നായിക. കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന നീതിയിൽ ജോയിൻ ചെയ്യുന്നതിനിടയിൽ പ്രിയ 'ഫ്ളാഷി'നോട് സംസാരിച്ചു.

കൊച്ചുണ്ണിയുടെ ജാനകിയായപ്പോൾ?
മറ്റു സിനിമകൾ പോലെയല്ല കായംകുളം കൊച്ചുണ്ണി. ജീവിച്ചിരുന്ന ആളാണ്. അതിനുള്ള തെളിവുകളുമുണ്ട്. അത്തരം ജീവിതങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിക്കുമ്പോൾ വെല്ലുവിളികൾ ഏറെയാണ്. പക്ഷേ ഞങ്ങൾക്ക് അത്രയും ബുദ്ധുമുട്ടുകളൊന്നും വലുതായി ഉണ്ടായില്ല. സംവിധായകൻ അടക്കമുള്ള പിന്നണി പ്രവർത്തകർ ഒന്നര വർഷത്തോളം ഈ ചിത്രത്തിനായി റിസർച്ച് നടത്തിയിരുന്നു. കാലഘട്ടം, വസ്ത്രം, പരിസ്ഥിതി, സംസാരം തുടങ്ങി എല്ലാം അവർ നന്നായി റിസർച്ച് നടത്തി. അതിനുള്ള റിസൽട്ട് സിനിമയിലുണ്ടാകും. രണ്ടു വർഷം മുൻപ് മുംബയിൽ വച്ചാണ് ഞാൻ റോഷൻ ആൻഡ്രൂസ് സാറിനെ കണ്ടത്. അന്ന് ഒരു കാഷ്വൽ ടോക്ക് എന്നപോലെ കായംകുളം കൊച്ചുണ്ണിയെ കുറിച്ച് സംസാരിച്ചിരുന്നു. തിരിച്ച് ചെന്നൈയിലെത്തി കുറച്ചുനാൾ കഴിഞ്ഞപ്പോഴാണ് എന്നെ ജാനകിയായി തിരഞ്ഞെടുത്തുവെന്നും പറഞ്ഞ് റോഷൻ സാർ വിളിച്ചത്. അത് ശരിക്കും ത്രില്ലായിരുന്നു.

ചിത്രത്തിനായി കായിക പരിശീലനം?
അതൊക്കെ സിനിമയിലുണ്ട്. കായംകുളം കൊച്ചുണ്ണി എന്ന കള്ളന്റെ ജീവിതയാത്രയിൽ ജാനകിയുടെ പങ്കാണ് ചിത്രം പറയുന്നത്. കൂടുതൽ പറഞ്ഞാൽ കഥാപാത്രത്തിന്റെ രസം ഇല്ലാതാകും. ഇതാദ്യമായാണ് ഇത്രയും ട്രെഡിഷണലായ ഒരു വേഷം ഞാൻ അവതരിപ്പിക്കുന്നത്.

എസ്രയിൽ നിന്ന് കൊച്ചുണ്ണിയിലേക്ക് എത്തുമ്പോൾ?
രണ്ടു ധ്രുവങ്ങളാണ് ഈ ചിത്രങ്ങൾ. എസ്രയിലെ പ്രിയയുമായി കൊച്ചുണ്ണിയിലെ ജാനകിക്ക് ഒരു സാമ്യതയും ഉണ്ടാകില്ല. കൊച്ചുണ്ണിയിലെ സംഭാഷണമെല്ലാം മനഃപാഠം പഠിച്ച് പറയുകയായിരുന്നു. ഭാഷാ ശൈലിയിലുമുണ്ട് ഏറെ വ്യത്യാസങ്ങൾ.

സിനിമയിലേക്കുള്ള വരവ്?
യു.എസിൽ പഠിക്കുന്ന കാലത്താണ് ഞാൻ മോഡലിംഗുമായി രംഗത്തെത്തിയത്. അന്ന് നടിയാകുമെന്നൊന്നും കരുതിയിട്ടില്ല. അവിടെ നിന്ന് 2009ൽ വാമനൻ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക്. തെന്നിന്ത്യയ്‌ക്കൊപ്പം ബോളിവുഡിലും സിനിമ ചെയ്തു. അതൊക്കെ ഭാഗ്യമാണ്.

പെട്ടെന്ന് വെജിറ്റേറിയനായത്?
കഴിഞ്ഞ ഏഴുമാസമായി ശുദ്ധ വെജിറ്റേറിയനാണ് ഞാൻ. അതിന് പ്രത്യേകിച്ച് കാരണം ഒന്നുമില്ല. വെജിറ്റേറിയനായ ശേഷം ആദ്യത്തെ ഒരാഴ്ച ഫ്രഞ്ച് ഫ്രൈസ് മാത്രമായിരുന്നു ഭക്ഷണം. കാരണം വെജിൽ എന്താണ് ഓർഡർ ചെയ്യേണ്ടതെന്നു പോലും അറിയില്ലായിരുന്നു. ആ അവസ്ഥയിൽ നിന്ന് ഇന്ന് ഏറെ മുന്നോട്ടു പോയിരിക്കുന്നു. നോൺ വെജില്ലാതെ ഭക്ഷണം ഇറങ്ങാതിരുന്ന ഞാൻ വിജയകരമായി ഏഴു മാസം പൂർത്തിയാക്കി. കേരളത്തിലെത്തുമ്പോൾ നിങ്ങളുടെ റൈസും ചമ്മന്തിയും കഴിക്കാൻ എന്തു രുചിയാണ്. നോൺ വെജായിരുന്നപ്പോൾ ഇവിടുത്തെ മീൻകറി കിട്ടിയാൽ ഞാൻ വിടില്ലായിരുന്നു.

priya-anand1

സിനിമയും മോഡലിംഗും കഴിഞ്ഞാൽ?
യാത്ര ചെയ്യും. കേരളം പ്രിയപ്പെട്ട ഇടമാണ്. ഇവിടെ വയനാടും മൂന്നാറും ഒക്കെ ഞാൻ പോയിട്ടുണ്ട്. അടുത്തിടെ തൃശൂർ പോയി. അവിടത്തെ അമ്പലങ്ങൾ എന്തു രസമാണ്. കണ്ടിട്ടു മതിവരുന്നില്ല. ഒഴിവു ദിവസം കിട്ടിയാൽ വീട്ടിൽ നിറയെ ജോലിയുണ്ടാകും. അതു കഴിഞ്ഞാൽ സുഹൃത്തുക്കളുമൊത്ത് കറക്കം. ഇതാണ് പ്രധാന പരിപാടി.

കുടുംബം, ഇഷ്ടനിറം?
അച്ഛൻ ഭരദ്വാജ് ആനന്ദ പകുതി തെലുങ്കും പകുതി മറാഠിയുമാണ്. അമ്മ തമിഴ് സ്വദേശി രാധ. ഞാൻ ഒറ്റ മകളാണ്. എന്റെ ഇഷ്ടങ്ങൾ തന്നെയാണ് അവരുടെയും. എല്ലാത്തിലും നല്ലതും ചീത്തയും പറഞ്ഞു മനസിലാക്കിത്തരുന്നത് അവരാണ്. ഇവർ രണ്ടാളുമാണ് എന്റെ ശക്തി. ഇഷ്ടനിറം വെള്ള.

പുതിയ പ്രോജക്ടുകൾ?
ആർ.ജെ ബാലാജിയുടെ എൽ.കെ.ജി, കന്നഡ ചിത്രം ഓറഞ്ച്, മലയാളത്തിൽ നീതി എന്നീ ചിത്രങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
LATEST VIDEOS
YOU MAY LIKE IN CINEMA