കേരളത്തിന്റെ ചലച്ചിത്രക്കാഴ്ചയ്ക്ക് ഇന്ന് കൊടിയേറ്റം, ഉദ്ഘാടനചിത്രം 'എവരിബഡി നോസ്'

എൻ.പി.മുരളീകൃഷ്ണൻ | Friday 07 December 2018 12:31 AM IST
iffk

തിരുവനന്തപുരം: നഷ്ടബോധവും വേർപാടും തളർത്തിയ ജീവിതങ്ങൾക്ക് കലയിലൂടെ അതിജീവന സന്ദേശം പകർന്ന് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ 23-ാം പതിപ്പിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ആർഭാടവും പൊലിമയും കുറവാണെങ്കിലും ലോകസിനിമയിലെ ഏറ്റവും പുതിയ മാറ്റങ്ങളും പ്രവണതകളും തിരിച്ചറിയാൻ എണ്ണായിരത്തിലേറെ ചലച്ചിത്ര പ്രേമികൾ നഗരത്തിലെത്തും. ഇനി ഒരാഴ്ച സിനിമാക്കാലമാണ്.
വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിശാഗന്ധിയിൽ മേള ഉദ്ഘാടനം ചെയ്യും. ബംഗാളി സംവിധായകൻ ബുദ്ധദേവ്ദാസ് ഗുപ്ത മുഖ്യാതിഥിയാകും. മന്ത്രി എ.കെ. ബാലൻ, നടിയും സംവിധായികയുമായ നന്ദിതാദാസ് തുടങ്ങിയവർ പങ്കെടുക്കും. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഇറാനിയൻ സംവിധായകൻ മജീദ് മജീദിക്ക് മുഖ്യമന്ത്രി സമ്മാനിക്കും. ഉദ്ഘാടനചിത്രമായി 'എവരിബഡി നോസ്' നിശാഗന്ധിയിൽ പ്രദർശിപ്പിക്കും.


ആകെ 164 ചിത്രങ്ങൾ

ആറു ഭൂഖണ്ഡങ്ങളിലെ 72 രാജ്യങ്ങളിൽ നിന്നുള്ള 164 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക. ലോകസിനിമാ വിഭാഗത്തിൽ 92 ചിത്രങ്ങളും മത്സര വിഭാഗത്തിൽ 14 ചിത്രങ്ങളുമാണുള്ളത്. ഈ.മ.യൗ, സുഡാനി ഫ്രം നൈജീരിയ' എന്നിവയാണ് മത്സരരംഗത്തെ മലയാളചിത്രങ്ങൾ. പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാൻ പ്രചോദനമാകുന്ന അഞ്ച് ചിത്രങ്ങളടങ്ങിയ 'ദ ഹ്യുമൻ സ്പിരിറ്റ് : ഫിലിംസ് ഓൺ ഹോപ്പ് ആൻഡ് റിബിൽഡിംഗ്' ഉൾപ്പെടെ 11 വിഭാഗങ്ങളാണുള്ളത്. ഇന്ന് 12 തിയേറ്ററുകളിലായി 34 സിനിമകൾ പ്രദർശിപ്പിക്കും.


റിസർവേഷൻ എല്ലാ ദിവസവും

എല്ലാ ദിവസവും രാവിലെ 9 മുതൽ രാത്രി 11വരെ തൊട്ടടുത്ത ദിവസത്തെ സിനിമകൾ റിസർവ് ചെയ്യാം. https://registration.iffk.in/ൽ രജിസ്‌ട്രേഷനായി ഉപയോഗിച്ച മെയിൽ ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്‌തോ, സി. ഡിറ്റ് പുറത്തിറക്കിയിട്ടുള്ള iffk 2018 എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയോ സീറ്റ് റിസർവ് ചെയ്യാം. ദിവസം 3 സിനിമകളാണ് പരമാവധി റിസർവ് ചെയ്യാനാവുക. ക്യൂ ഒഴിവാക്കുന്നതിനായി ഒഴിവുള്ള സീറ്റുകളുടെ കൂപ്പണുകൾ പ്രദർശനത്തിന് രണ്ടുമണിക്കൂർ മുൻപ് തിയേറ്ററുകളിലെ കൗണ്ടറുകളിൽ ലഭ്യമാകും.


പുനർനിർമ്മാണം തീമായി സിഗ്‌നേച്ചർ ഫിലിം

മനോബലത്തിന്റെയും ഒരുമയുടെയും പിൻബലത്തിൽ മഹാപ്രളയത്തെ അതിജീവിച്ച കേരളത്തിനുള്ള ആദരവാണ് മേളയുടെ സിഗ്‌നേച്ചർ ഫിലിം. പരസ്പരം കൈകൾ കോർത്ത് മഹാപ്രളയത്തെ അതിജീവിച്ച അതേ ഒരുമയോടെ ഇനി പുനർനിർമ്മാണത്തിനായി കൈകോർക്കാം എന്ന ഓർമ്മപ്പെടുത്തലാണ് ചിത്രം. അരുൺ ശ്രീപാദം സംവിധാനം ചെയ്ത ഫിലിം സി. മെന്റ് സ്റ്റുഡിയോസാണ് നിർമ്മിച്ചിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN OZHUKKINETHIRE
LATEST VIDEOS
YOU MAY LIKE IN OZHUKKINETHIRE