ന്യൂഡൽഹി: റിസർവ് ബാങ്ക് റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ചതിന്റെ ചുവടുപിടിച്ച് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ 30 ലക്ഷം രൂപവരെയുള്ള ഭവന വായ്പകളുടെ പലിശനിരക്ക് 0.05 ശതമാനം കുറച്ചു. പുതുക്കിയ നിരക്കുകൾ വെള്ളിയാഴ്ച പ്രാബല്യത്തിൽ വന്നു.
രാജ്യത്ത് ഏറ്രവുമധികം ഭവന വായ്പകൾ വിതരണം ചെയ്തിട്ടുള്ളത് എസ്.ബി.ഐ ആണെന്നും പലിശനിരക്ക് കുറച്ച നടപടി ഒട്ടേറെ പിന്നാക്ക-ഇടത്തരം ഉപഭോക്താക്കൾക്ക് ഗുണകരമാകുമെന്നും ബാങ്കിന്റെ ചെയർമാൻ രജനീഷ് കുമാർ പറഞ്ഞു. ബാങ്ക് ഒഫ് മഹാരാഷ്ട്രയും കഴിഞ്ഞദിവസം വായ്പാ പലിശനിരക്ക് കുറച്ചിരുന്നു. ആറുമാസ കാലാവധിയുള്ള വായ്പകളുടെ എം.സി.എൽ.ആർ നിരക്കിൽ 0.05 ശതമാനം ഇളവാണ് ബാങ്ക് വരുത്തിയത്. റിപ്പോ നിരക്ക് കുറഞ്ഞതിന്റെ നേട്ടം എല്ലാ വായ്പാ ഇടപാടുകാർക്കും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകളുമായി സംസാരിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കിയിട്ടുണ്ട്.